തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ യുവനടി നൽകിയ ലൈംഗികാതിക്രമക്കേസിൽ പോലീസ് തെളിവെടുപ്പ് തുടങ്ങി. നടിയുടെ പരാതിയിൽ പറയുന്ന കാലയളവിൽ സിദ്ദിഖ് മാസ്കട്ട് ഹോട്ടലിൽ താമസിച്ചിരുന്നതിൻ്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. 2016 ജനുവരി 28ന് സിദ്ദിഖ് ചെക്ക് ഇൻ ചെയ്തതായി ഹോട്ടൽ രേഖകൾ വ്യക്തമാക്കുന്നു.
ജനുവരിയിലോ ഫെബ്രുവരിയിലോ ആണ് പീഡനം നടന്നതെന്നാണ് പരാതിക്കാരി പറയുന്നത്. സിദ്ദിഖ് താമസിച്ചതിൻ്റെ രേഖകളും ഹോട്ടലിലെ സന്ദർശക രജിസ്റ്ററിലെ പരാതിക്കാരിയുടെ രേഖകളും സിനിമയുടെ പ്രിവ്യൂ സംബന്ധിച്ച രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ സമയം അവിടെയുണ്ടായിരുന്ന ഹോട്ടൽ ജീവനക്കാരുടെയും പരാതിക്കാരിയുടെ മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർമാരുടെയും പ്രിവ്യൂവിൽ പങ്കെടുത്തവരുടെയും മൊഴിയും ശേഖരിക്കും. 2016 ജനുവരി 28 ന് സിദ്ദിഖ് മാസ്കട്ട് ഹോട്ടലിൽ താമസിച്ചിരുന്ന അതേ ദിവസം നിള തിയേറ്ററിൽ സിനിമയുടെ പ്രിവ്യൂ നടന്നു. പ്രിവ്യൂ ദിവസം പരാതിക്കാരിയായ യുവനടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തങ്ങിയ അതിഥികളെക്കുറിച്ചുള്ള രേഖാമൂലമുള്ള വിവരങ്ങൾ നൽകാൻ ഹോട്ടൽ മാനേജ്മെൻ്റിന് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. സന്ദർശക രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഒന്നാം നിലയിലെ സിദ്ദിഖിൻ്റെ മുറിയിലേക്ക് പോയെന്നാണ് നടിയുടെ മൊഴി. രജിസ്റ്ററിൻ്റെ പകർപ്പ് കെടിഡിസി ആസ്ഥാനത്ത് സൂക്ഷിച്ചിട്ടുണ്ടെന്നും പോലീസ് അത് പരിശോധിക്കുമെന്നും ഹോട്ടൽ അധികൃതർ അറിയിച്ചു. എന്നാൽ പരാതിക്കാരിയായ നടിയെ ഹോട്ടലിൽ വെച്ച് കണ്ടിട്ടില്ലെന്ന് സിദ്ദിഖ് പറഞ്ഞു. ലൈംഗികാരോപണം ഉന്നയിച്ച നടനെതിരെ ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട്.
ഐപിസി 376, 506 വകുപ്പുകൾ പ്രകാരം ബലാത്സംഗ കുറ്റത്തിന് സിദ്ദിഖിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. ആരോപണത്തെ തുടർന്ന് സിദ്ദിഖ് ‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. സിദ്ദിഖ് തന്നെ ഉപദ്രവിച്ചെന്നും മറ്റ് പല സുഹൃത്തുക്കൾക്കും ഇയാളിൽ നിന്ന് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പരാതിക്കാരിയായ യുവനടി ആരോപിച്ചു.
“പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയം സോഷ്യൽ മീഡിയ വഴിയാണ് സിദ്ധിഖ് ബന്ധപ്പെട്ടത്.പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് എന്നോട് മാസ്കറ്റ് ഹോട്ടലിലേക്ക് ചർച്ചയ്ക്ക് വിളിച്ചു.അന്ന് എനിക്ക് 21 വയസ്സായിരുന്നു.അവിടെയാണ് ഞാൻ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടത് . എന്നിട് അയാൾ എന്നെ പൂട്ടിയിട്ടു. അവിടെ നിന്ന് വളരെ കഷ്ടപ്പെട്ടാണ് രക്ഷപെട്ടത് ,” പരാതിക്കാരിയായ യുവനടി പറഞ്ഞു.