റിയാദ്: ശരത് കാലത്തിന്റെ വരവ് അറിയിച്ചു സൗദിയിൽ മഴ . ഇടവപ്പാതിയെ അനുസ്മരിക്കുംവിധമായിരുന്നു ഇടിയും മഴയും കഴിഞ്ഞ ദിവസങ്ങളിൽ മക്കയിലും തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലും പെയ്തിരുന്നു. ജിസാൻ പോലുള്ള സ്ഥലങ്ങളിൽ മലവെള്ളപ്പാച്ചിലിൽ വെള്ളപ്പൊക്കത്തിന് സമാനമായ അന്തരീക്ഷമായിരുന്നു. മലവെള്ളപ്പാച്ചിലിൽ നിരവധി അപകടങ്ങളും മഴക്കെടുതികളും ഉണ്ടായി.
വേനൽ അവസാനിച്ചതോടെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചു. മക്ക, മദീന, അസീർ, ഹായിൽ, റിയാദ് പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിൽ ഇതിനകം മഴ പെയ്തിട്ടുണ്ടെന്നും വരും ദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ജിസാനിലും മക്കയിലും കനത്ത മഴ മുന്നറിയിപ്പ് നൽകിയിരുന്നു.
വേനൽ കഴിഞ്ഞാൽ മഴയായതിനാൽ മഞ്ഞുവീഴ്ചയും പതിവാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മദീനയിലാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മദീനയിൽ പെയ്ത കനത്ത മഴയിൽ റോഡുകൾ തകർന്ന് വാഹനങ്ങൾ തകർന്നിരുന്നു. മദീനയ്ക്കൊപ്പം ഖാസിം, അസീർ, തബൂക്ക്, ജിസാൻ, നജ്റാൻ അൽബാഹ തുടങ്ങി വിവിധ പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചു.
ജിസാൻ പ്രവിശ്യയിൽ ഇടിമിന്നലേറ്റ് മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ ഒരേ സ്ഥലത്ത് നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മക്കയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ മരം വീണു തകർന്ന വാഹനത്തിലുണ്ടായിരുന്ന സൗദി പൗരൻ മരിച്ചു.
വേനൽ കടന്ന് ശരത്കാലം വരുമ്പോൾ മരുഭൂമിയുടെ നിറം മാറും. മണലിനടിയിൽ ഉറങ്ങിക്കിടന്ന പലതരം ചെറുസസ്യങ്ങൾ ഇനി ഉയരും. മഴയും രാത്രി മഞ്ഞും പെയ്തിറങ്ങുന്ന തണുപ്പ് കാലമാകുന്നതോടെ മരുഭൂമിയിൽ മാത്രം കണ്ടുവരുന്ന ആദ്യകാല ചെടികൾ തളിർക്കുകയും പൂക്കുകയും പിന്നീട് ഫലം കായ്ക്കുകയും ചെയ്യും. ടെൻ്റുകളുള്ള നാട്ടുകാരും പ്രവാസികളും മരുഭൂമികളിലേക്ക് വരുന്നത് നിത്യവും മാറിക്കൊണ്ടിരിക്കുന്ന പ്രകൃതിദൃശ്യങ്ങളിൽ രാത്രി ചിലവഴിക്കാനാണ്. അകമ്പടിയായി ചൂടുള്ള ഗാഹ് വായും ഈന്തപ്പഴവും ബാർബിക്യൂയും ഉണ്ടാകും. ടെൻ്റുകളിൽ ഒത്തുകൂടുന്നവർക്ക് പുലരുവോളം സംഗീതവും പാട്ടും സൊറയും വിവിധ വിനോദങ്ങളും ആസ്വദിക്കാം. ഇനി മുതൽ, പ്രവാസി മലയാളി കുടുംബങ്ങളുടെയും സംഘങ്ങളുടെയും പ്രതിവാര ഒത്തുചേരലുകൾക്ക് മരുഭൂമിയിലെ ടെൻ്റുകൾ പ്രിയപ്പെട്ട ഇടമായി മാറും.