കേരളത്തിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്കും നൽകുന്ന സേവനങ്ങൾക്കും ആഗോള ഗുണനിലവാരം കൊണ്ടുവരിക, അന്താരാഷ്ട്ര വിപണിയിലെ വിപണനസാധ്യത കൂട്ടുക, പൊതുവായ ഒരു ബ്രാൻഡ് സൃഷ്ടിച്ചെടുക്കുക എന്നിവ ലക്ഷ്യമിട്ട് വ്യവസായ വാണിജ്യ വകുപ്പ് വിഭാവനം ചെയ്ത പദ്ധതിയാണ് ‘കേരള ബ്രാൻഡ്’. ചെറുകിട വ്യവസായ സംരംഭകർക്ക് കുറഞ്ഞ ചെലവിൽ മികച്ച വിപണിമൂല്യം ഉറപ്പാക്കാൻ കേരള ബ്രാൻഡ് സർട്ടിഫിക്കേഷനിലൂടെ സാധിക്കും. കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ നേടുന്ന ഉൽപ്പന്നങ്ങൾ ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ ‘product of kerala’ എന്ന ബ്രാൻഡ് നാമത്തിൽ വിപണനം ചെയ്യാനാകും. പദ്ധതിയുടെ ആദ്യഘട്ടമായി നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുകയും താലൂക്ക് തല സെലക്ഷൻ കമ്മിറ്റി അംഗീകരിക്കുകയും ചെയ്ത ആറ് വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകൾക്ക് കേരള ബ്രാൻഡ് രജിസ്ട്രേഷൻ നൽകി.
എം.ആർ.എൽ കുട്ടനാടൻ കോക്കനട്ട് ഓയിൽ (ആലപ്പുഴ), കെഡിസൺ എക്സ്പെല്ലേഴ്സ് (കോട്ടയം), വാരപ്പെട്ടി കോക്കനട്ട് ഓയിൽ (എറണാകുളം), കെ.എം ഓയിൽ ഇൻഡസ്ട്രീസ്, അഞ്ചരക്കണ്ടി എഫ്.എസ്.സി ബാങ്ക് ലിമിറ്റഡിന്റെ സഹകാരി ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രൊസസിങ് പ്ലാന്റ് (കണ്ണൂർ), കളത്ര ഓയിൽ മിൽസ് (കാസർകോട്) എന്നിവയ്ക്കാണ് കേരള ബ്രാൻഡ് അംഗീകാരം ലഭിച്ചത്. കേരളത്തിന്റെ തനത് ഉത്പന്നം എന്ന നിലയിലാണ് വെളിച്ചെണ്ണ പരിഗണിച്ചത്. 25 പേർ അപേക്ഷിച്ചതിൽനിന്ന് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച ആറു യൂണിറ്റുകളെ തെരഞ്ഞെടുക്കുകയായിരുന്നു. അടുത്തഘട്ടത്തിൽ കുടിവെള്ളം, ഫുട്‌വെയർ, നെയ്യ്, തേൻ എന്നിവയടക്കം 14 ഉത്പന്നങ്ങൾക്കുകൂടി സർട്ടിഫിക്കേഷൻ ലഭ്യമാകും.
അന്താരാഷ്ട്ര വ്യാപാര മേളകളിലും മാർക്കറ്റിംഗ് എക്സ്പോകളിലും പ്രദർശിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ/സേവനങ്ങളുടെയും പട്ടികയിൽ ഇടം നേടാനും സർട്ടിഫിക്കേഷൻ സഹായിക്കും. കേരളത്തിലെ വ്യവസായങ്ങൾക്ക് പൊതുവായ ഒരു ഐഡൻറിറ്റി നൽകുന്നതിനും സംസ്ഥാനത്തെ തദ്ദേശീയ ഉൽപന്നങ്ങൾക്ക് സവിശേഷമായ സ്ഥാനം സൃഷ്ടിച്ചുകൊണ്ട് ആഗോള വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ‘കേരള ബ്രാൻഡ് ലൈസൻസ്’ സംരംഭങ്ങളെ പ്രാപ്തമാക്കും. കേരളത്തിൽ നിന്ന് തന്നെ ശേഖരിച്ച അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ഇവിടെ തന്നെ നിർമിച്ച ഉത്പന്നങ്ങൾ ആകണം ബ്രാൻഡിനായി അപേക്ഷിക്കേണ്ടത്. www.keralabrand.industry.kerala.gov.in എന്ന പോർട്ടലിൽ സംരംഭങ്ങൾക്ക് കേരള ബ്രാൻഡിനായി അപേക്ഷിക്കാം.
Credit: kerala.gov.in