ഓണാഘോഷത്തിന് രുചി പകരാൻ കുടുംബശ്രീയുടെ ബ്രാൻഡഡ് ചിപ്സും ശർക്കര വരട്ടിയും പുറത്തിറക്കി. ‘ഫ്രഷ് ബൈറ്റ്സ്’ എന്ന പേരിൽ മികച്ച ഗുണനിലവാരത്തോടെ ഉൽപാദനം, പാക്കിങ് എന്നിവയിൽ ഏകീകൃത മാനദണ്ഡങ്ങൾ പുലർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ മുന്നൂറോളം യൂണിറ്റുകളിൽ നിന്നായി 700 ഓളം കുടുംബശ്രീ സംരംഭകരെ ഭാഗമാക്കിയാണ് ഫ്രഷ് ബൈറ്റ്സ് പ്രവർത്തിക്കുന്നത്. ഓണക്കാലത്തിനോടനുബന്ധിച്ച് ഉൽപ്പന്നങ്ങൾ പൊതുവിപണിയിൽ എത്തിക്കുന്നത് വഴി കൂടുതൽ വ്യാപാര സാധ്യതകളും ലക്ഷ്യമിടുന്നു.
കുടുംബശ്രീ അംഗങ്ങളുടെ ഉപജീവനവും സാമ്പത്തിക സുസ്ഥിരതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള കെ-ലിഫ്റ്റ് ( Kudumbashree Livelihood Initiative For Transformation) പദ്ധതിയുടെ ഭാഗമായാണ് ‘ഫ്രഷ് ബൈറ്റ്സ് ബ്രാൻഡിങ്’ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി എല്ലാ ജില്ലകളിലെയും മികച്ച ചിപ്പ്സ്, ശർക്കര വരട്ടി ഉൽപാദന യൂണിറ്റുകളെ കണ്ടെത്തി രണ്ടു ഘട്ടങ്ങളിലായി കായംകുളം കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരിശീലനവും നൽകി.
സമാന സ്വഭാവമുള്ള യൂണിറ്റുകളെ സംയോജിപ്പിച്ച് ജില്ലാതലത്തിൽ ക്ലസ്റ്ററുകൾ രൂപീകരിച്ചാണ് ‘ഫ്രഷ് ബൈറ്റ്സ്’ ന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആവശ്യമായ സാധനങ്ങൾ യൂണിറ്റുകൾക്കായി ഒരുമിച്ച് വാങ്ങുന്നതും വിലനിർണയം ഉൾപ്പെടെയുള്ളവ ചെയ്യുന്നതും ക്ലസ്റ്ററാണ്. പ്രാഥമിക പ്രവർത്തനങ്ങൾക്കുള്ള സഹായം കുടുംബശ്രീയിൽനിന്ന് ലഭ്യമാക്കും. അടുത്ത ഓണമാകുമ്പോഴേക്കും ജില്ലകളിലെ ക്ലസ്റ്ററുകൾ കൺസോർഷ്യമാക്കി മാറ്റുകയാണ് ലക്ഷ്യം.നൂറു ഗ്രാമിന്റെ പാക്കറ്റിന് 40 രൂപയും 250 ഗ്രാമിന് 100 രൂപയുമാണ് വില. ഓണം മാർക്കറ്റുകൾക്കൊപ്പം പൊതുമാർക്കറ്റിലും ഫ്രെഷ് ബൈറ്റ്സ് ഉത്പന്നങ്ങൾ എത്തിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കേരളത്തിന് പുറത്തും ഇവ വില്പനയ്ക്കെത്തും.
Source / Credit : Kerala.gov.in