മലബാറിലെ കലാനവോത്ഥാന പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്ന അനശ്വര സംഗീതജ്ഞൻ കോഴിക്കോട് അബ്ദുൾഖാദർ ഓർമയിൽ മാഞ്ഞിട്ട് വർഷങ്ങൾ പിന്നിടുകയാണ്. അബ്ദുൾഖാദർ മുനിരയിലുണ്ടായിരുന്ന അന്നത്തെ കലോദ്യമങ്ങളെ അടയാളപ്പെടുത്തുന്ന മുഴുദിന സംഗീതപരിപാടി ‘സുനയന’ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് അണിയറയിൽ. ആ കാലത്തിന്റെ ഓർമകളെയും അനുഭവങ്ങളെയും കാലിക്കറ്റ് ജേണൽ വരുംദിനങ്ങളിൽ പ്രസിദ്ധീകരിക്കുന്നു. അതിനു തുടക്കമായി, അബ്ദുൾഖാദറിനെക്കുറിച്ച് മകനും മലയാളത്തിന്റെ ആദ്യത്തെ ഗസല്‍ ഗായകനുമായ നജ്മൽ ബാബു എഴുതിയ ഓർമ്മ പുനഃപ്രസിദ്ധീകരിക്കുന്നു.
എന്റെ സംഗീതജീവിതത്തില്‍ ഞാൻ കടപ്പെട്ടിരിക്കുന്നത് ഡാഡയോടാണ്. അദ്ദേഹം തുറന്നുവിട്ട പാട്ടുകളുടെ ലോകം കുട്ടിക്കാലം മുതല്‍ തന്നെ എനിക്ക് സംഗീതത്തില്‍ താല്പര്യം ഉണ്ടാക്കി.
എട്ട് വയസ്സുള്ളപ്പോള്‍ മുതല്‍ ഡാഡ ഞങ്ങളെ സിനിമയ്ക്ക് കൊണ്ടുപോവുമായിരുന്നു. ഞങ്ങള്‍ താമസിച്ചിരുന്ന കൂരിയാല്‍ ഇടവഴിയുടെ തൊട്ടടുത്തായിരുന്നു ക്രൗണ്‍ തിയേറ്റര്‍. അവിടെ എപ്പോഴും ഇംഗ്ലീഷ് സിനിമകള്‍ കളിയ്ക്കും. ഡാഡ ഇംഗ്ലീഷ് സിനിമകളുടെ വലിയൊരു ആരാധകനായിരുന്നു. ഡേവിഡ് ലീനായിരുന്നു ഇഷ്ട സംവിധായകൻ. ഡേവിഡ് ലീനിന്റെ ‘ദ ബ്രിഡ്ജ് ഓണ്‍ ദ റിവര്‍ ക്വായ്’, ‘ഡോക്ടര്‍ ഷിവാഗോ’, ‘എ പാസേജ് ടു ഇന്ത്യ’, ‘ലോൻറസ് ഓഫ് അറേബ്യ’ എന്നീ സിനിമകളെക്കുറിച്ച് എന്നോട് പറയുമായിരുന്നു. ഡാഡയ്ക്ക് ഇഷ്ടപ്പെട്ട സിനിമകളുടെ കഥ എനിക്ക് വിവരിച്ച് പറഞ്ഞുതരും.
ക്രൗണ്‍ തിയേറ്ററില്‍ പുതിയ ഇംഗ്ലീഷ് സിനിമകള്‍ വന്നാല്‍ ഞാനും എന്റെ സഹോദരി സുരയ്യയും ഡാഡയോട് പൈസ വാങ്ങി തിയേറ്ററിലേക്കോടും. ഇംഗ്ലീഷ് സിനിമകള്‍ കാണാൻ വരുന്ന ഞങ്ങളെ തിയേറ്ററുകാര്‍ക്ക് നല്ല പരിചയമായിരുന്നു. ഹിന്ദി സിനിമകള്‍ കണ്ടിരുന്നത് കോര്‍ണേഷൻ തിയേറ്ററിലായിരുന്നു. അവിടെ ഞങ്ങളുടെ കൂടെ ഡാഡയും ബാബുക്കയും (എം. എസ്. ബാബുരാജ്) ഉണ്ടാവും. പ്യാസ, കാഗസ് കേ ഫൂല്, ജനക് ജനക് പായല്‍ ബാജേ എന്നീ സിനിമകള്‍ മറക്കാൻ പറ്റാത്തതാണ്.
‘പ്യാസ’യിലെ ഗീതാദത്തിന്റെ ജാനെക്യാ തുനെ കഹി ആര്‍ക്കാണ് മറക്കാൻ കഴിയുക? ‘കാഗസ് കേ ഫൂല്’ അഞ്ചുതവണയെങ്കിലും കണ്ടിട്ടുണ്ടാവും. അതിലെ വക്ത് നേ കിയാ ക്യാ ഹസീ സിത്തം, ദേഖി സമാനേ കി യാരി എന്നിവ എനിക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ടുകളായിരുന്നു. പാട്ടുകള്‍ കേള്‍ക്കാൻ ഡാഡയും ബാബുക്കയുമെല്ലാം ഇത്തരം സിനിമകള്‍ വീണ്ടും വീണ്ടും കാണും.
ഡാഡക്ക് പ്രാവിനെ വളര്‍ത്തുന്നതില്‍ നല്ല കമ്പമായിരുന്നു. പ്രാവിനെ പറത്തിവിട്ട് ആകാശത്ത് കണ്ണുംനട്ട് അങ്ങനെ ഇരിക്കും. ആരെങ്കിലും വിളിച്ചാല്‍പോലും അറിയില്ല. രാത്രി പുറത്തുപോയി വന്നാല്‍ പ്രാവിന് തീറ്റ കൊടുത്തിട്ടേ ഉറങ്ങാൻ പോവൂ. അവസാനകാലത്ത് വീട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ എപ്പോഴും പ്രാവുകള്‍ മാത്രമായിരിക്കും അദ്ദേഹത്തിന്റെ കൂട്ട്. അവയെ നോക്കി ഒരു മൂളിപ്പാട്ടും പാടുന്നുണ്ടാവും.
ക്രിക്കറ്റ് കളിയായിരുന്നു ഡാഡയുടെ മറ്റൊരു ഇഷ്ടവിനോദം. അന്ന് ഈ കളി അറിയുന്നവര്‍ എണ്ണത്തില്‍ കുറവായിരുന്നു. അക്കാലത്ത് കോഴിക്കോട് കോമണ്‍വെല്‍ത്ത് കമ്പനിയില്‍ ജോലിചെയ്തിരുന്ന സായിപ്പുമാര് ക്രിക്കറ്റ് കളിക്കും. ഡാഡ മിക്ക ദിവസങ്ങളിലും അത് കാണാൻ പോയിരുന്നു. അവര്‍ ഡാഡയേയും കൂടെ കളിക്കാൻ ക്ഷണിക്കും. അവരുടെ കൂടെയുള്ള കളി അദ്ദേഹത്തിന് വലിയ ആവേശമായിരുന്നു. വീട്ടില്‍ റേഡിയോ വാങ്ങിയത് പാട്ടുകേള്‍ക്കാൻ വേണ്ടി മാത്രമായിരുന്നില്ല, ക്രിക്കറ്റ് കമന്ററി കേള്‍ക്കാനും കൂടിയായിരുന്നു.

ഡാഡയും ബാബുക്കയും അടുത്ത സുഹൃത്തുക്കളായിരുന്നു. കുറച്ചുകാലം ബാബുക്കയും ഞങ്ങളും ഒരേ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ബാബുക്കയ്ക്ക് സിനിമയിലേക്കുള്ള വഴി തുറന്നതും ഡാഡയായിരുന്നു. പി. ഭാസ്ക്കരൻ മാഷെ ബാബുക്കക്ക് പരിചയപ്പെടുത്തിയത് ഡാഡയായിരുന്നു. പി. ഭാസ്ക്കരൻ മാഷ് പാട്ടെഴുതിയ ‘തിരമാല’യിലും നീലക്കുയിലിലും ബാബുക്ക സംഗീതസംവിധായകന്റെ സഹായിയായി പ്രവര്‍ത്തിച്ചു.
ബാബുക്കയുടെ ആദ്യ ചിത്രമായ ‘മിന്നാമിനുങ്ങില്‍’ (1957) ഡാഡയ്ക്ക് രണ്ട് പാട്ടുകള്‍ ഉണ്ടായിരുന്നു. ഇത്രനാള്‍ ഇത്രനാള്‍ ഈ വസന്തം, നീയെന്തറിയുന്നു നീലത്താരമേ എന്നീ പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടു. ബാബുക്കയുടെ പിന്നീടുള്ള അധികം സിനിമകളിലും ഡാഡയ്ക്ക് പാടാൻ അവസരം ലഭിച്ചിരുന്നില്ല. തന്റെ സൗഹൃദം ഉപയോഗിച്ച് ബാബുക്കയുടെ സിനിമകളില്‍ പാടാൻ ഡാഡയും ഒരുക്കമായിരുന്നില്ല. ‘നിണമണിഞ്ഞ കാല്‍പ്പാടുകള്‍’ എന്ന സിനിമയിലെ അനുരാഗനാടകത്തിൻ എന്ന പാട്ട് ഡാഡയെക്കൊണ്ട് പാടിക്കാനായിരുന്നു ബാബുക്ക ആദ്യം തീരുമാനിച്ചിരുന്നത്. അതിനിടെ അവര്‍ തമ്മില്‍ എന്തോ കാര്യത്തിന് പിണങ്ങി. ഉദയഭാനു ആണ് അത് പാടിയത്.
വാസു പ്രദീപ് ആയിരുന്നു ഡാഡയുടെ ഏറ്റവും അടുത്ത സുഹൃത്ത്. അദ്ദേഹത്തിന്റെ പ്രദീപ് ആട്സ് അക്കാലത്തെ കലാകാരന്മാരുടെ കേന്ദ്രമായിരുന്നു. ഡാഡ, പ്രദീപ് ആര്‍ട്സിലെ പതിവ് സന്ദര്‍ശകനായിരുന്നു. ആകാശവാണിയില്‍ പാടുന്ന സമയമായിരുന്നു അത്. ചില ദിവസങ്ങളില്‍ ഡാഡ പ്രദീപ് ആട്സില്‍ ഓടിക്കിതച്ച് എത്തും. ‘വാസു, എനിക്കൊരു പാട്ടു വേണം’ എന്നുപറയും. അദ്ദേഹം ഡാഡക്ക് പാട്ടെഴുതിക്കൊടുക്കും.
ഡാഡ ആകാശവാണിയില്‍ ആലപിച്ച എത്രയോ ലളിതഗാനങ്ങള്‍ വാസുവേട്ടൻ എഴുതിയതാണ്. അതില്‍ ഏറ്റവും പ്രശസ്തമായ ഗാനമാണ് ദേശ് രാഗത്തില്‍ ചിട്ടപ്പെടുത്തിയ ‘മായരുതേ വനരാധേ’ എന്ന ഗാനം. ഈ പാട്ടിന് ഇക്കാലത്തും ഒട്ടേറെ ആരാധകര്‍ ഉണ്ട്.
ആരോടും പരാതി പറയുന്ന പ്രകൃതക്കാരനായിരുന്നില്ല ഡാഡ. തന്റെ വിഷമങ്ങള്‍ ഉള്ളില്‍ ഒതുക്കും. ഒന്നിനോടും അത്യാര്‍ത്തിയില്ലാതെ, ഉള്ളതുകൊണ്ട് ജീവിച്ച് അതില്‍ സംതൃപ്തി കണ്ടിരുന്നു. എല്ലാവരോടും സമഭാവനയോടെ പെരുമാറി. സ്ത്രീകളോട് അനുകമ്പ ഉണ്ടായിരുന്നു. ചെറുപ്പത്തില്‍ തന്നെ അമ്മ മരിച്ചുപോയതുകൊണ്ട് അദ്ദേഹത്തിന് മാതൃസ്നേഹം കിട്ടിയിരുന്നില്ല.
എഴുപതുകളില്‍ ഡാഡ ഗള്‍ഫ് പര്യടനത്തിനു പോയി. കൂടാതെ ഞാൻ, ഖാലിദ്, ഹരിദാസ്, കുമാര്‍, ഡേവിഡ് എന്നിവരും കൂടെ ഉണ്ടായിരുന്നു. അവിടെ കാര്യങ്ങളൊക്കെ ചെയ്തിരുന്നത് എന്റെ അളിയനായ ബീരാനാണ്. സോഷ്യല്‍ ആട്സ് സെന്ററിനു വേണ്ടിയായിരുന്നു പരിപാടി. ഗാനമേള വലിയ വിജയമായിരുന്നു. അന്നുരാത്രി ഡാഡയ്ക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നു. ഞങ്ങളൊക്കെ പേടിച്ചുപോയി. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ രക്ഷപ്പെട്ടു. കുറച്ചുദിവസം ആശുപത്രിയില്‍ കിടന്ന് തിരിച്ച് നാട്ടില്‍ എത്തി.
ഗള്‍ഫ് പര്യടനത്തിനുശേഷം പിന്നെ ഡാഡ രോഗബാധിതനായി വീട്ടില്‍ തന്നെയായിരുന്നു. പൊതുപരിപാടികളില്‍ നിന്ന് ക്രമേണ പിൻവാങ്ങാൻ തുടങ്ങി. കോഴിക്കോട്ടെ സംഗീതലോകം ഡാഡയെ മറന്നുതുടങ്ങി. പ്രാവിനെ പറപ്പിച്ചും ഏകാന്തതയില്‍ പാട്ടുപാടിയും അദ്ദേഹം ജീവിതം തള്ളിനീക്കി.
1977 ഫിബ്രവരി 13ന് ഡാഡ ഞങ്ങളെ വിട്ട് പോയി. പോയിക്കഴിഞ്ഞപ്പോഴാണ് എനിക്ക് ഡാഡയുടെ മഹത്വം കൂടുതല്‍ മനസ്സിലായത്. എണ്‍പതുകള്‍ക്ക് ശേഷം ഡാഡയുടെ പാട്ടുകള്‍ക്ക് കൂടുതല്‍ ആസ്വാദകര്‍ ഉണ്ടായി. ഞാനും സത്യജിത്തും ഒരുപാട് വേദികളില്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടി. പല പാട്ടുകള്‍ക്കും സദസ്സില്‍ നിന്ന് നല്ല പ്രതികരണമായിരുന്നു. എഴുപതുകളില്‍ പിന്തള്ളപ്പെട്ട ഡാഡയുടെ പാട്ടുകള്‍ എണ്‍പതുകളില്‍ ഞങ്ങളിലൂടെ പുനര്‍ജനിച്ചു.
(ചിത്രത്തിന് കടപ്പാട്: ബീരാൻ കൽപ്പുറത്ത്;
ലേഖനത്തിന് കടപ്പാട്: നജ്മൽബാബു ജീവിതവും സംഗീതവും, റെഡ് ചെറി ബുക്സ്)