കോവിഡ് തീര്‍ത്ത വലിയ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ വാഹനവിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞതായി മാരുതി സുസൂക്കി. ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ജിമ്നി രാജ്യത്ത് അവതരിപ്പിക്കുന്നതില്‍ ആലോചനയുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ലെന്ന് മാരുതി സുസുക്കി ഇന്ത്യയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

ലോകമാകമാനം സെമികണ്ടക്ടര്‍ ചിപ്പുകള്‍ക്കുണ്ടായ ക്ഷാമം വിപണിയില്‍ മാരുതിയടക്കമുള്ള വാഹനങ്ങളുടെ ലഭ്യതയെ സാരമായി ബാധിച്ചു. എന്നാല്‍ മാരുതി കാറുകള്‍ക്കായുള്ള ആവശ്യക്കാരുെട എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായെന്ന് കമ്പനി പറയുന്നു. കോവിഡ് മൂന്നാംതരംഗംപോലുള്ള സാഹചര്യങ്ങള്‍ ഉണ്ടായില്ലെങ്കില്‍ വാഹനവിപണി ശക്തമായി തിരിച്ചുവരുമെന്ന് കണക്കുകൂട്ടലിലാണ് മാരുതി.ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ജിമ്നി ഇവിടെനിന്ന് കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അവതരിപ്പിക്കുന്നതില്‍ അന്തിമതീരുമാനമായിട്ടില്ല.

എന്‍ട്രി ലെവല്‍ എസ്.യു.വി വിഭാഗത്തിലടക്കം മാരുതിക്കുള്ള മികച്ച മുന്നേറ്റം ഫോര്‍ഡ് അടക്കമുള്ള വിദേശബ്രാന്‍ഡുകള്‍ ഇന്ത്യ വിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.