മലയാളസിനിമയുടെ അറുപത് ആണ്ടുകളുടെ അനുഭവങ്ങൾക്കും പാളിച്ചകൾക്കും സാക്ഷ്യം വഹിച്ച് സംവിധായകൻ കെ.എസ് സേതുമാധവൻ വിടവാങ്ങി. 1960-ൽ സിംഹള ചിത്രം വീരവിജയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. 1961-ൽ ജ്ഞാനസുന്ദരികളിലൂടെ മലയാളസിനിമയിൽ കെ.എസ്. ജൈത്രയാത്ര തുടങ്ങി. അറുപതിലധികം ചിത്രങ്ങൾ സമ്മാനിച്ചു.
നിർമ്മാതാവ് മഞ്ഞിലാസ്- എം.ഒ ജോസഫ് – സേതുമാധവൻ- സത്യൻ കൂട്ടുകെട്ടിൽ ഹിറ്റുകൾ വിരിഞ്ഞു. പി. കേശവദേവ്, തോപ്പിൽ ഭാസി, തകഴി, എം.ടി. വാസുവേദവൻ നായർ തുടങ്ങിയവരുടെ സാഹിത്യ സൃഷ്ടികളും കെ.എസ്. സേതുമാധവന്റെ കൈയടക്കത്തിൽ മികച്ച ചലച്ചിത്രങ്ങളായി.
കമലഹാസൻ ബാലതാരമായെത്തിയ കണ്ണും കരളും, ഓടയിൽ നിന്ന്, കൂട്ടുകുടുംബം, അമ്മ എന്ന സ്ത്രീ, കടൽപ്പാലം, അരനാഴികനേരം, ഒരു പെണ്ണിന്റെ കഥ, അനുഭവങ്ങൾ പാളിച്ചകൾ, പണിതീരാത്തവീട്, പുനർജന്മം, യക്ഷി, കന്യാകുമാരി, ചട്ടക്കാരി തുടങ്ങി മലയാളത്തിന്റെ അഭ്രപാളികളെ തുടിപ്പിച്ച നിരവധി ചിത്രങ്ങൾ. ഒപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമകൾ, പത്ത് ദേശീയ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
എൺപതുകളിലെ മലയാളസിനിമയുടെ വസന്തകാലത്തിന് അടിത്തറപാകിയത് കെ.എസ്. സേതുമാധവന്റെ ചിത്രങ്ങളായിരുന്നു. സേതുമാധവൻ പകർന്ന നവോന്മേഷം 1980കളിൽ ഭരതനിലൂടെയും പദ്മരാജനിലൂടെയും മലയാളസിനിമയിൽ വസന്തം വിരിയിച്ചു. ജീവിതഗന്ധിയായ കഥകൾ പറഞ്ഞ് തൊട്ടതെല്ലാം പൊന്നാക്കി കെ.എസ് സേതുമാധവൻ യാത്ര തുടർന്നു. ഇതിനിടെ മികച്ച നിരവധി ചിത്രങ്ങൾ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചു.
തൊണ്ണൂറുകളുടെ അവസാനത്തോടെ സജീവ സിനിമയിൽ നിന്ന് മാറിനിന്നെങ്കിലും മലയാള സിനിമയിലെ മാറ്റങ്ങളെ ഏറെ കൗതുകത്തോടെ അദ്ദേഹം വീക്ഷിച്ചു. 2009-ൽ ജെ.സി. ഡാനിയേൽ പുരസ്‌കാരം നൽകി കേരള സർക്കാർ അദ്ദേഹത്തെ ആദരിച്ചു. മലയാള സിനിമയുടെ ചരിത്രത്തെ കണ്ണിചേർത്ത അദ്ദേഹത്തെ തേടി സമുന്നത ബഹുമതികളൊന്നും എത്തിയില്ലെന്ന് ആരാധകരും സിനിമാ പ്രേമികളും പരാതി പറഞ്ഞപ്പോഴും സേതുമാധവന് യാതൊരു പരാതിയുമില്ലായിരുന്നു. പരാതിയുണ്ടോ എന്ന ചോദ്യത്തിന് “വിവാദങ്ങൾക്കൊന്നും എനിക്ക് താൽപര്യമില്ല. മലയാള സിനിമയുടെ വളർച്ചയിൽ അതിയായി സന്തോഷിക്കുന്നു” എന്നായിരുന്നു ഒരിക്കൽ അദ്ദേഹം പറഞ്ഞ മറുപടി. മരണം വരെയും സിനിമ മാത്രമായിരുന്നു കെ.എസ്. സേതുമാധവന് ലഹരിയും നിറവും ജീവിതവും.