തിരുവനന്തപുരം: മെയ് എട്ടു മുതല്‍ 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ശനിയാഴ്ച രാവിലെ ആറ് മണി മുതല്‍ ഒമ്പത് ദിവസമാണ് സംസ്ഥാനം പൂർണമായും അടച്ചിടുക. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി വലിയ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം നിശ്ചയിക്കും. ആശുപത്രി, കോവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിയന്ത്രണങ്ങള്‍ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
മിനി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറക്കാനായില്ല. മാത്രമല്ല, പൊലീസ് എത്ര നിയന്ത്രിച്ചിട്ടും ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയാനുമായില്ല. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ ഏർപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.