രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് രാജ്ഭവനിൽ നടത്താനാണ് സി .പി.എം.ആലോചിക്കുന്നത് . മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാമെന്നതാണ് ധാരണ. എൽ.ഡി.എഫ്. യോഗത്തിനുശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
സർക്കാർ രൂപവത്കരണം സംബന്ധിച്ചുള്ള കാര്യങ്ങൾ ചൊവ്വാഴ്ച ചേരുന്ന സെക്രട്ടേറിയറ്റ് ചർച്ചചെയ്യും. ബുധനാഴ്ച പൊളിറ്റ് ബ്യൂറോ യോഗവുമുണ്ട്.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പി.ബി. ആണ്. പിണറായിയുടെ കാര്യത്തിൽ അത്തരമൊരു തീരുമാനമെന്നത് സാങ്കേതിക നടപടിമാത്രമാണ്.
മന്ത്രിമാരെ സംബന്ധിച്ചുള്ള സംസ്ഥാനനേതൃത്വത്തിന്റെ നിർദേശങ്ങൾ കോടിയേരി ബാലകൃഷ്ണൻ പി.ബി. യോഗത്തിൽ അറിയിക്കും.ഇക്കാര്യത്തിൽ തീരുമാനമായശേഷം സംസ്ഥാനസമിതിയോഗവും എൽ.ഡി.എഫ്. യോഗവും ചേരും.
തിങ്കളാഴ്ച സർക്കാർ അധികാരമേൽക്കുമെന്നാണ് വിവരം. ഇതിനുമുമ്പായി ഘടകകക്ഷികളുമായി ചർച്ച നടത്തി, മന്ത്രിമാർ, വകുപ്പുകൾ എന്നിവയിൽ ധാരണയുണ്ടാക്കും. സീറ്റ് വിഭജനകാര്യത്തിലടക്കം ഉഭയകക്ഷിചർച്ചയിൽ കാര്യക്ഷമമായി ഇടപെട്ട കോടിയേരി ബാലകൃഷ്ണന് തന്നെയാകും ഇതിന്റെയും ചുമതല.ഒറ്റ അംഗങ്ങളുള്ള കക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകാനിടയില്ല. അതിനുകഴിയാത്ത സാഹചര്യം അവരെ ബോധ്യപ്പെടുത്തുകയാകും ഉഭയകക്ഷി ചർച്ചയിലുണ്ടാകുക.