ആലപ്പുഴയിൽ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു കൊലപാതകം. മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്കു കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനില്‍ വെച്ചായിരുന്നു  കാറിലെത്തിയ സംഘ വെട്ടിക്കൊലപ്പെടുത്തിയത്.  പൊന്നാടുള്ള വാടകവീട്ടിലേക്ക് (അല്‍ഷ ഹൗസ്) സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു സംഭവം കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു.കാറില്‍ നിന്നിറങ്ങിയ നാലുപേരും ആക്രമണം നടത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൃത്യം നിര്‍വഹിച്ചശേഷം വന്നവഴിതന്നെ അക്രമിസംഘം തിരികെപ്പോയി.ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല്‍പ്പതോളം വെട്ടുകളേറ്റിരുന്നെന്നാണ് വിവരം.  തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ 12.45-ഓടെ ആശുപത്രിയില്‍ മരിച്ചു.

പൊന്നാട് സ്വദേശിയില്‍നിന്ന് വാടകയ്‌ക്കെടുത്ത കാറിലാണ് അക്രമിസംഘമെത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഷാന്റെ കൈകാലുകള്‍ക്കും കഴുത്തിനും തലയ്ക്കും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. ഷാനെ ആദ്യം മണ്ണഞ്ചേരിയിലെയും ആലപ്പുഴയിലെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റിയത്. കാറിനെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം.

ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണഞ്ചേരിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. സമീപത്തുള്ള സി.സി.ടി.വി.യില്‍ ആക്രമണ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. അതേസമയം ആക്രമണം നടത്തിയത് ആര്‍.എസ്.എസ്. ആണെന്ന് എസ്.ഡി.പി.ഐ. ആരോപിച്ചു.