മഞ്ഞുകാലത്ത് ചുണ്ടുകള്‍ വരളാറുണ്ടോ? കൊള്ളാം വരള്‍ച്ചയോ വിണ്ടുകീറുകയല്ലേ എന്നായിരിക്കും മറുപടി അല്ലേ.
മഞ്ഞുകാലത്ത് നമ്മള്‍ കൂടുതല്‍ കരുതലെടുക്കും. മുടി മുതല്‍ കാല്‍വിരല്‍ വരെ ക്രീമുകളും മറ്റും പുരട്ടി സംരക്ഷണകവചം നല്‍കും. എന്നാല്‍ പാവം നമ്മുടെ ചുണ്ടുകളോ… അതിങ്ങനെ വലിഞ്ഞു മുറുകി വരണ്ടുണങ്ങും.
വരണ്ട അന്തരീക്ഷം, കാറ്റ്, അന്തരീക്ഷത്തിലെ കുറഞ്ഞ ആര്‍ദ്രത എന്നിവ മൂലം മഞ്ഞുകാലത്ത് ചുണ്ടുകള്‍ കൂടുതലായി വരളും. വരള്‍ച്ച കൂടുതലാകുമ്പോള്‍ വിണ്ടുകീറുകയും ചെയ്യും.വളരെ വേദനിപ്പിക്കുന്ന അവസ്ഥയാണിത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പരിചയക്കാരെ കണ്ടാല്‍ ഒന്നു ചിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. എത്ര ഭീകരം അല്ലേ.

പക്ഷേ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് വളരെ കുറയ്ക്കാന്‍ സാധിക്കും.

വെള്ളം കുടിയ്ക്കുക
മഞ്ഞുകാലം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കുളിരുന്ന നമ്മള്‍ ആ സമയത്ത് വെള്ളംകുടി കുറയ്ക്കുകയാണ് പതിവ്. എന്നാലങ്ങനെ ചെയ്യാന്‍ പാടില്ല. മഞ്ഞുകാലമായാലും വേനല്‍ക്കാലമായാലും 8-10 ഗ്ലാസ് വെള്ളം കുടിക്കണം. ഇതില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യേണ്ട. ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ അത് ആദ്യം പ്രതിഫലിക്കുന്നത് ചുണ്ടുകളിലാണ്. അതുകൊണ്ട് ശരീരത്തിലെ ജലാംശം കുറയാതിരിക്കാനായി ധാരാളം വെള്ളം കുടിക്കുക. ജ്യൂസോ പഴച്ചാറോ വെള്ളമോ അങ്ങനെ എന്തുമാകാം.
പ്രകൃതിദത്തമായ പരിഹാരമാര്‍ഗങ്ങള്‍ ചെയ്യുക
ഗന്ധമില്ലാത്ത ലിപ് ബാമുകള്‍, കറ്റാര്‍ വാഴയും വൈറ്റമിന്‍ ഇ-യും അടങ്ങിയ ഓയിന്റ്‌മെന്റുകള്‍ എന്നിവ ചുണ്ടുകളുടെ വരള്‍ച്ച തടയുന്നതില്‍ ഏറെ ഫലപ്രദമാണ്.
വീട്ടില്‍ തന്നെ ചെയ്യാവുന്ന നിരവധി മാര്‍ഗങ്ങള്‍ വേറെയുമുണ്ട്. വെള്ളരിക്ക കഷണങ്ങളാക്കി ദിവസം ഒരു പത്ത് മിനിട്ട് ചുണ്ടില്‍ ഉരസുന്നതും വളരെ നല്ല മരുന്നാണ്. ആല്‍മണ്ട് ഓയില്‍, ഒലീവ് ഓയില്‍, വെളിച്ചെണ്ണ തുടങ്ങി പ്രകൃതി ദത്തമായ ഏത് എണ്ണയും ഉപയോഗിക്കാം. തേനും പാലും ഒന്നിനെയും മാറ്റിനിര്‍ത്തണ്ട.
കോസ്‌മെറ്റിക്‌സ് ഒഴിവാക്കുക
കോസ്‌മെറ്റിക്‌സ് പ്രോഡക്റ്റ്‌സ് ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കും. പരസ്യങ്ങളില്‍ കാണുന്ന ഗ്ലോസി ലിപ്‌സ് ശരിക്കും പ്രലോഭിപ്പിക്കുകയും ചെയ്യും. ഇത്തരം കോസ്‌മെറ്റിക്‌സില്‍ ധാരാളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാവും. ഇവ താല്‍കാലിക ആശ്വാസം മാത്രമേ നല്‍കൂ. വാസ്തവത്തില്‍ ഇവ ചുണ്ടുകളെ കൂടുതല്‍ വരണ്ടതാക്കൂകയാണ് ചെയ്യുന്നത്.
ഫ്‌ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റുകള്‍ ഒഴിവാക്കുക
ചില ആളുകള്‍ക്ക് ടൂത്ത് പേസ്റ്റിലെ ഫ്‌ളൂറൈഡ് അലര്‍ജിയുണ്ടാക്കും. ഇത് ചുണ്ടിനെയും ബാധിക്കും. അതിനാല്‍ ഫ്‌ളൂറൈഡ് അടങ്ങിയ പേസ്റ്റുകള്‍ ഒഴിവാക്കുക.
ചുണ്ടുകള്‍ നാവു കൊണ്ട് നനയ്ക്കരുത്
വരണ്ട ചുണ്ടുകള്‍ ഈര്‍പ്പമുള്ളതാക്കാന്‍ നാമെല്ലാം എപ്പോഴും ചെയ്യുന്ന കാര്യമാണിത്. ഇത് വരള്‍ച്ച കൂട്ടുമെന്നും വിണ്ടുകീറുന്നതിന്റെ തോത് വര്‍ദ്ധിപ്പിക്കുമെന്നും അറിയാമോ? നാവ് കൊണ്ട് ചുണ്ടു നനയ്ക്കുമ്പോള്‍ അവ ഈര്‍പ്പമുള്ളതാകുന്നില്ല. ഉമിനീര് വറ്റിക്കഴിയുമ്പോള്‍ ചുണ്ട് കൂടുതല്‍ വരളും. അതുകൊണ്ട് അടുത്ത തവണ അങ്ങനെ ചെയ്യാന്‍ തോന്നുമ്പോള്‍ ഒരിക്കല്‍ കൂടി ആലോചിക്കുക.
ചുണ്ടുകള്‍ മോയിസ്ചറൈസായി സൂക്ഷിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.